Friday, August 22, 2014

ഭാവി ?


അറിയുന്നിതില്ലിവര്‍, ജനത തന്‍ പെറ്റമ്മ,
ജനനിയ്ക്കിതാ ചിത അറിയാതൊരുക്കുന്നൂ!
മാനവജന്മത്തിന്‍ മർദ്ദനം മൂലമീ
മാതാ ധരണിക്കു ദീനമിതേറുന്നു !

വികസനം വികസനം സർവ്വത്ര കാണുന്ന
നാമിന്നു ഭൂമി തന്‍ മാറു പിളർക്കുന്നു !
സസ്യപരിപൂർണ്ണമായൊരു നാടിനെ
ഒരു മണല്‍ക്കാടായി മാറ്റി മറിക്കുന്നു!

മഴയില്ല പുഴയില്ല, അരുവികള്‍ തെല്ലില്ല!
പഴയൊരു ചന്തമീനാടിനോ ഇന്നില്ല !
കുരുവികള്‍ മൈനകൾ ചെറുചെറു ജീവികള്‍
പോയ്‌ മറഞ്ഞോ അതോ ജീവനോടുക്കിയോ?

ജീവജാലങ്ങൾക്കു  രാജനായ് വാഴുവാന്‍
സ്വന്തം കുഴി തോണ്ടുമെന്നുമീ മാനുഷര്‍!
ദൈവത്തിന്‍ സ്വന്തം എന്നോതി നടന്നൊരീ
നാടിതാ സാത്താനു  സ്വന്തമായ് തീരുന്നു!

അറിയുന്നിതില്ലിവര്‍, മക്കള്‍, ചെറുമക്കള്‍,
ഇനിയൊരു തലമുറ ഉണ്ടെന്നൊരു സത്യം!
നാമിന്നു ചെയ്തിടും പാപത്തിന്‍ ശിക്ഷകള്‍
താങ്ങാന്‍ അവർക്കാകുമോ, അതൊന്നോർക്കുക!

                                                                                     ഗോകുൽ .C.J




No comments:

Post a Comment